ഹെർമൻ ഗുണ്ടർട്ട് (Hermann Gundert)
AK TIPS
... minute read
Lisent
മലയാളഭാഷയുടെ ആധുനികീകരണത്തിന് ഏറ്റവുമധികം സംഭാവന നൽകിയ വ്യക്തി ജർമൻകാരനായ ഹെർമൻ ഗുണ്ടർട്ടായിരിക്കും (1814-1893). ജർമൻ പട്ടണമായ സ്റ്റുട്ഗാർട്ടിൽ ജനിച്ച് പഠനശേഷം 1836-ൽ മതപ്രചാരണാർഥം ഇന്ത്യയിലെത്തിയ അദ്ദേഹം മലയാളം, തമിഴ്, ബംഗാളി, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യം നേടി. മതപ്രചാരകരുടെ സൗകര്യത്തിനു വേണ്ടിയാവാം അദ്ദേഹം മലയാളത്തെ ചിട്ടപ്പെടുത്താൻ ശ്രമിച്ചത്. മലയാളത്തിന് വിപുലമായ നിഘണ്ടു, ആധുനിക മട്ടിലുള്ള വ്യാകരണം എന്നിവ അദ്ദേഹം സംഭാവന ചെയ്തു. പന്ത്രണ്ട് വൈദികകൃതികൾ രചിച്ചിട്ടുണ്ട് ഗുണ്ടർട്ട്. നിഘണ്ടുവിനും വ്യാകരണത്തിനും പുറമെ മലയാളം പഴഞ്ചൊല്ലുകൾ ക്രോഡീകരിച്ചു. മലയാളത്തിലെ ആദ്യ പത്രമായ 'രാജ്യസമാചാരം' (1847) എഡിറ്റുചെയ്തതും ഗുണ്ടർട്ടായിരുന്നു. മലയാളത്തിൽ ആദ്യമായി ശാസ്ത്രീയാടിത്തറയോടെ രചിക്കപ്പെട്ട വ്യാകരണകൃതി ഗുണ്ടർട്ടിന്റേതാണ്. മലയാള ഭാഷാവ്യാകരണം എന്ന ഈ പുസ്തകം 1851-ൽ പ്രസിദ്ധപ്പെടുത്തി. പൂർണരൂപത്തിൽ വന്നത് 1868-ലും. കോവുണ്ണി നെടുങ്ങാടിയുടെ 'കേരളകൗമുദി'ക്കും (1878) എ.ആർ. രാജ രാജവർമയുടെ 'കേരളപാണിനീയ' ത്തിനും (1896, 1917) മാതൃകയായത് ഈ ആദ്യ രചനയാണ്. കാൽ നൂറ്റാണ്ടുകാലത്തെ അദ്ധ്വാനം വേണ്ടിവന്നു ഗുണ്ടർട്ടിന് ഇതു പൂർത്തിയാക്കാൻ. മലയാളികൾക്കും വിദേശീയർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ വ്യാകരണകൃതിയിൽ ഇംഗ്ലീഷും മലയാളവും ഉപയോഗിച്ചിട്ടുണ്ട്. നിരവധി പ്രാചീന കൃതികൾ ഇതിനായി അദ്ദേഹം പരിശോധിച്ചിട്ടുണ്ട്. അക്ഷരകാണ്ഡം, പദ കാണ്ഡം, വാചകകാണ്ഡം എന്നീ മൂന്നു ഭാഗങ്ങളായി പകുത്ത ഈ പുസ്തകം ആധുനിക ഭാഷാശാസ്ത്രം പിന്നീട് അനുവർത്തിച്ച വ്യാകരണപദ്ധതിയുടെ പൂർവമാതൃകയാണ്. മലയാളത്തിന്റെ ദ്രാവിഡ അടിത്തറയെയും തമിഴ്മായും സംസ്കൃതവുമായുമുള്ള ബന്ധത്തെയും വസ്തുനിഷ്ഠമായി വിവരിക്കാൻ ബഹുഭാഷാപണ്ഡിതനായ ഗുണ്ടർട്ടിന് സാധിച്ചു. നിധാനം എന്ന പേരിലാണ് വ്യാകരണനിയമങ്ങൾ വകുപ്പുകളാക്കി അദ്ദേഹം നൽകുന്നത്. ആകെ 878 നിധാനങ്ങളുണ്ട് ഇതിൽ. 1845-ലാണ് പഴഞ്ചൊൽമാല പുറത്തു വരുന്നത്. വിദേശിയായ അദ്ദേഹം ആയിരത്തോളം പഴഞ്ചൊല്ലുകൾ നമ്മുടെ വ്യവഹാരഭാഷയിൽനിന്ന് കണ്ടെടുത്തു. 'പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ പശുവിൻ പാലും കയ്ക്കും' എന്നതാണ് ഇതിൽ നൽകുന്ന ആദ്യ ചൊല്ല്. 1847 ജൂണിൽ തലശ്ശേരിക്കടുത്ത ഇല്ലിക്കുന്നിൽ നിന്ന് ബാസൽ മിഷനുവേണ്ടി ഗുണ്ടർട്ടിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ ‘രാജ്യസമാചാര'മാണ് മലയാളത്തിലെ ആദ്യപത്രം. ഗുണ്ടർട്ടിന്റെ ശിഷ്യൻ എഫ്. മുള്ളർ 1847 ഒക്ടോബറിൽ തുടങ്ങിയ 'പശ്ചിമോദയ'മാണ് രണ്ടാമത്തെ പത്രം. 1498-ൽ വാസ്കൊ ഡ ഗാമ വന്നതുതൊട്ട് 1531 വരെയുള്ള പോർച്ചുഗീസ് കാലത്തെ ചരിത്രം ശേഖരിച്ച് ഗുണ്ടർട്ട് എഴുതിയ പുസ്തകമാണ് 'കേരളപ്പഴമ' (1868). ജാതിവ്യവസ്ഥയുടെ നിരർഥകത മലയാളിയെ ബോധ്യപ്പെടുത്താൻ അശ്വഘോഷൻ ഒരു കൃതി 'വജ്രസൂചി' എന്നപേരിൽ അദ്ദേഹം പരിഭാഷപ്പെടുത്തിയത് 1861-ലാണ്. ബൈബിൾ വിവർത്തനത്തിലും അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. കന്നടയിൽ നിന്നും ജർമനിൽ നിന്നു മൊക്കെ മതസംബന്ധമായ രചനകൾ അദ്ദേഹം വിവർത്തനം ചെയ്തു.
Post a Comment