മസ്തിഷ്കം സ്ഥിതിചെയ്യുന്ന അസ്ഥിനിർമിതമായ കപാലമാണ് ക്രേനിയം ( Cranium ). മസ്തിഷ്കത്തെ പൊതിഞ്ഞ് മൂന്നു പാളികളുണ്ട്. ഇവയാണ് മെനിൻജസ്. തലച്ചോറിനെ സംരക്ഷിക്കുകയും അതിലെ ലോമികകളിൽ നിന്ന് മസ്തിഷ്കകലകൾക്ക് ഓക്സിജനും പോഷണവും എത്തിക്കുകയുമാണ് മെനിൻജസിന്റെ ധർമം. പ്രായപൂർത്തിയായ ഒരാളുടെ തലച്ചോറിന്റെ ശരാശരി ഭാരം 1.5 കിലോഗ്രാമാണ്.
സെറിബ്രം
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം. ഉപരിതലത്തിൽ ധാരാളം ചുളിവുകളും മടക്കുകളുമുണ്ട് . ഇടതു, വലതു അർധഗോളങ്ങളെ കോർപ്പസ് കലോസം എന്ന നാഡീ പാളികൊണ്ട് ബന്ധിച്ചിരിക്കുന്നു. ഭാവന , ചിന്ത , ഓർമ, യുക്തിചിന്ത , കാഴ്ച , കേൾവി , ഗന്ധം , രുചി , സ്പർശം , ചൂട് എന്നിവയെല്ലാം സെറിബ്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐച്ഛിക പ്രവർത്തനങ്ങളെ ( Voluntary ) നിയന്ത്രിക്കുന്നു.
സെറിബെല്ലം
സെറിബ്രത്തിനു പിന്നിൽ രണ്ടു ദളങ്ങളായി കാണപ്പെടുന്നു. ഉപരിതലത്തിൽ ആഴത്തിലുള്ള ചാലുകളുണ്ട്. ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തൽ , പേശീപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയാണ് പ്രധാന ധർമങ്ങൾ. 'ലിറ്റിൽ ബ്രെയിൻ' എന്നാണ് സെറിബെല്ലം അറിയപ്പെടുന്നത്.
മെഡുല്ല ഒബ്ലാംഗേറ്റ
മസ്തിഷ്കത്തിന്റെ ഏറ്റവും ചുവട്ടിലെ ഭാഗം. ഇതിന്റെ തുടർച്ചയാണ് സുഷുമ്ന. ഹൃദയസ്പന്ദനം , ശ്വസനം , രക്തക്കുഴലുകളുടെ സങ്കോചം , ഛർദി , തുമ്മൽ , ചുമ തുടങ്ങിയ അനൈച്ഛികപ്രവർത്തനങ്ങളെ (Involuntary) നിയന്ത്രിക്കുന്നു.
തലാമസ്
സെറിബ്രത്തിനു തൊട്ടുതാഴെ കാണുന്ന നാഡീകേന്ദ്രം നിദ്രാവേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നു. വേദനാസംഹാരികൾ പ്രവർത്തിക്കുന്നത് തലാമസിലാണ് . ഇത് സെറിബ്രത്തിലേക്കുപോകുന്ന വേദനയുടെ ആവേഗങ്ങളെ തടയുന്നു.
ഹൈപ്പോതലാമസ്
തലാമസിനു തൊട്ടുതാഴെയുള്ള ഈ ഭാഗത്താണ് പിയൂഷഗ്രന്ഥി (Pituitarygland)കൂടിച്ചേരുന്നത്. ശരീരോഷ്മാവ് , ജലത്തിന്റെ അളവ് എന്നിവ നിയന്ത്രിക്കുന്നു. പിയൂഷഗ്രന്ഥിയുടെ ഹോർമോൺ ഉൽപാദനത്തെ നിയന്ത്രിക്കുന്നു.ഓക്സിടോസിൻ , വാസോപ്രസിൻ എന്നീ ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നു.
ബ്രോക്കാസ് ഏരിയ
സംസാരഭാഷയ്ക്കുള്ള , തലച്ചോറിലെ പ്രത്യേക കേന്ദ്രമാണ് ബ്രോക്കാസ് ഏരിയ ( Broca's area ).
സുഷുമ്ന ( Spinalcord )
മെഡുല്ല ഒബ്ലാംഗേറ്റയുടെ തുടർച്ചയായ ഭാഗം. നട്ടെല്ലിനുള്ളിൽ കാണപ്പെടുന്നു. സുഷുമ്നയ്ക്കും മെനിൻജസ് ആവരണമുണ്ട്. സുഷുമ്നയിൽ നിന്ന് 31 ജോഡി നാഡികൾ ഉത്ഭവിക്കുന്നു. റിഫ്ളക്സ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ സുഷുമ്ന മുഖ്യ പങ്ക് വഹിക്കുന്നു. ശരാശരി 43-45 സെ.മീ. ആണ് സുഷുമ്നയുടെ നീളം.
വെർണിക്ക് ഏരിയ( Wernike's area )
കണ്ടു പരിചയിച്ച വസ്തുവിന്റെ പേര് കേട്ടാൽ അതിന്റെ ചിത്രം മനസ്സിൽ തെളിയും. സെറിബ്രത്തിന്റെ ഒരു പ്രത്യേക ഭാഗമാണ് ഈ കഴിവിന് ആധാരം. ഈ ഭാഗമാണ് വെർണിക്ക് ഏരിയ.
Post a Comment