രക്തത്തിലെ ഘടകങ്ങൾ
പ്ലാസ്മ, രക്തകോശങ്ങൾ, പ്ലേറ്റ്ലറ്റുകൾ എന്നിവയാണ് രക്തത്തിലെ ഘടകങ്ങൾ.
പ്ലാസ്മ (Plasma)
രക്തത്തിലെ ദ്രാവകഭാഗമാണ് പ്ലാസ്മ. രക്തകോശങ്ങൾ നീക്കം ചെയ്താൽ ലഭിക്കുന്ന ഇളംമഞ്ഞ നിറമുള്ള തെളിഞ്ഞ ദ്രാവകമാണിത്. ഇത് ക്ഷാരസ്വഭാവമുള്ളതാണ്.
◆ രക്തത്തിന്റെ 55 ശതമാനം പ്ലാസ്മയാണ്. പ്ലാസ്മയിൽ 90-92 ശതമാനം ജലവും 6-8 ശതമാനം പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു. ബാക്കി ജൈവസംയുക്തങ്ങളും സോഡിയം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ അജൈവ വസ്തുക്കളും അടങ്ങിയിരിക്കുന്നു.
പ്ലാസ്മ പ്രോട്ടീനുകൾ മൂന്നെണ്ണമാണ്.
1. ഫൈബ്രിനോജൻ - രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.
2. ഗ്ലോബുലിൻ - ആന്റിബോഡികൾ ആയി പ്രവർത്തിക്കുന്നു.
3. ആൽബുമിൻ - രക്തസമ്മർദം (Osmotic pressure) നിയന്ത്രിക്കുന്നു.
രക്തത്തിലെ കോശങ്ങൾ
അരുണരക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്ലറ്റുകൾ എന്നിവയാണ് രക്തത്തിലെ കോശങ്ങൾ. ഇവ രക്തത്തിന്റെ 45 ശതമാനം വരും.
അരുണരക്താണുക്കൾ (Erythrocytes)
രക്തത്തിൽ ഏറ്റവും കൂടുതലുള്ള കോശങ്ങളാണ് ചുവന്ന രക്താണുക്കൾ. ഇവ മുതിർന്ന ഒരു വ്യക്തിയുടെ ഒരു ഘന മില്ലി മീറ്റർ രക്തത്തിൽ 5 മില്യൻ മുതൽ 5.5 മില്യൻ വരെ ഉണ്ടാകും.
● അസ്ഥിമജ്ജയിൽ ആണ് RBC-കൾ രൂപംകൊള്ളുന്നത്.
● പരന്ന് ഇരുവശവും കുഴിഞ്ഞ ഡിസ്ക് ആകൃതിയാണ് ചുവന്ന രക്താണുക്കൾക്ക് ഉള്ളത്. ഇവയിൽ ന്യൂക്ലിയസ് ഇല്ല. അതുമൂലം കൂടുതൽ വാതകത്തെ വഹിക്കാനും കഴിയും.
● ചുവന്ന രക്താണുക്കളുടെ പ്രധാന ധർമം വാതകവിനിമയമാണ് (ഓക്സിജൻ, CO2).
● ചുവന്ന രക്താണുക്കൾക്ക് ചുവപ്പുനിറം നൽകുന്നത് ഹീമോഗ്ലോബിൻ ആണ്. ഇതിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ 100 മി.ലി. രക്തത്തിൽ 12-16 ഗ്രാം ഹീമോഗ്ലാബിൻ അടങ്ങിയിരിക്കും.
ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ് 120 ദിവസമാണ്.
● പ്ലീഹയിൽ വെച്ച് ചുവന്ന രക്താണുക്കൾ നശിക്കും. ഇതിന്റെ ഫലമായി ഹീമോഗ്ലോബിൻ ബിലിറൂബിൻ ആയിമാറും. പിന്നീട് ഇവ പിത്തരസ (Bile) ത്തിലൂടെ പുറംതള്ളപ്പെടും.
ശ്വേതരക്താണുക്കൾ (Leucocytes)
രോഗപ്രതിരോധത്തിന് സഹായിക്കുന്ന രക്തകോശങ്ങളാണ് ശ്വേതരക്താണുക്കൾ. ഇവയ്ക്ക് നിറമില്ല. മർമം ഉള്ള കോശങ്ങളാണിവ.
● 1 ഘന മില്ലിമീറ്റർ രക്തത്തിൽ 6000-8000 വരെ ശ്വേതരക്താണുക്കൾ ഉണ്ടാവും.
◆ അസ്ഥിമജ്ജയിൽ തന്നെയാണ് ശ്വേതരക്താണുക്കളും ഉണ്ടാകുന്നത്. ലിംഫ് നോഡുകളിലും പ്ലീഹയിലും ഇവ നിർമിക്കപ്പെടാറുണ്ട്.
◆ 1 ദിവസം മുതൽ 15 ദിവസംവരെയാണ് ശ്വേതരക്താണുക്കളുടെ ആയുസ്സ്.
◆ ശ്വേതരക്താണുക്കളെ പ്രധാനമായും രണ്ടായി തിരിക്കാം.
◆ ഗ്രാനുലോസൈറ്റ്സ് (Granulocytes), അഗ്രാനുലോസൈറ്റ്സ് (Agranulocytes).
◆ ഗ്രാനുലോസൈറ്റുകൾ മൂന്ന് വ്യത്യസ്ത തരത്തിലുണ്ട്. ന്യൂട്രോഫിൽസ് (Neutro phils), ഈസിനോഫിൽസ് (Eosinophils), ബാസോഫിൽസ് (Basophils).
◆ അഗ്രാനുലോസൈറ്റുകളാണ് മോണോസൈറ്റും (Monocyte), ലിംഫോസൈറ്റും (Lymphocyte).
◆ ശ്വേതരക്താണുക്കളിൽ ഏറ്റവും കൂടുതലുള്ളത് ന്യൂട്രോഫിൽസ് ആണ്. ഏറ്റവും കുറവ് ബോസോഫിൽസും.
◆ ശ്വേതരക്താണുക്കൾ വ്യത്യസ്ത രീതികളിലാണ് രോഗാണുക്കളെ പ്രതിരോധിക്കുന്നത്.
◆ രോഗാണുക്കളെ വലയം ചെയ്ത് അകത്താക്കി നശിപ്പിക്കുന്ന കോശങ്ങളാണ് ഫാഗോസൈറ്റുകൾ (Phagocytes). ഇത്തരം കോശങ്ങൾക്ക് ഉദാഹരണമാണ് ന്യൂട്രോഫിൽസും മോണോസൈറ്റുകളും. അമീബ ഇരയെ വിഴുങ്ങുന്ന രീതി യിലാണ് ഇവ രോഗാണുക്കളെ നശിപ്പിക്കുന്നത്.
◆ ഈസിനോഫിലുകൾ ശരീരത്തിലെത്തുന്ന രോഗാണുക്കൾ പുറപ്പെടുവിക്കുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
◆ രക്തം കട്ടപിടിക്കുന്നത് തടയുന്ന 'ഹെപ്പാരിൻ' എന്ന രാസവസ്തു നിർമിക്കുന്നത് ബോസോഫിലുകളാണ്. ഹിസ്റ്റമീനുകൾ നിർമിക്കുന്നതിലും ഇവ പങ്കുവഹിക്കുന്നു.
◆ ലിംഫോസൈറ്റുകൾ എന്നയിനം തരക്താണുക്കൾ രോഗാണുക്കളെ തടയുന്നത് ഒരുതരം മാംസ്യങ്ങൾ ഉത്പാദിപ്പിച്ചുകൊണ്ടാണ്. ഇവയാണ് ആന്റിബോഡികൾ. ഇവ രോഗാണുക്കളു ണ്ടാക്കുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കുന്നു.
◆ ലിംഫോസൈറ്റുകൾ B, T എന്നിങ്ങനെ രണ്ടുതരത്തിൽ ഉണ്ട്. ശരീരത്തിലെ മുറിവുകളിലെത്തുന്ന രോഗാണുക്കളോട് പോരാടി മരിച്ച ശ്വേതാണുക്കളാണ് പഴുപ്പും ചലവുമായി പുറത്തുപോവുന്നത്.
പ്ലേറ്റ്ലറ്റുകൾ (Platelets)
◆ പ്ലേറ്റ്ലറ്റുകളെ ത്രോംബോസൈറ്റുകൾ എന്നും വിളിക്കുന്നു. രക്തത്തിൽ കാണുന്ന സൂക്ഷ്മകോശ ദ്രവ്യകണങ്ങളാണിവ. ഇവയ്ക്ക് മർമം ഇല്ല.
◆ അസ്ഥിമജ്ജയിൽ കാണുന്ന മെഗാകാ രിയോസൈറ്റുകൾ എന്നറിയപ്പെടുന്ന പ്രത്യേക കോശങ്ങളിൽ നിന്നാണ് പ്ലേറ്റ്ലറ്റുകൾ ഉണ്ടാകുന്നത്.
◆ ഒരു ഘന മി.മീ. രക്തത്തിൽ ഏകദേശം 1.5 ലക്ഷം മുതൽ 3.5 ലക്ഷം വരെ പ്ലേറ്റ്ലറ്റുകൾ കാണപ്പെടുന്നു. രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പ ങ്കുവഹിക്കുന്നവയാണ് പ്ലേറ്റ്ലറ്റുകൾ.
◆ മുറിവേറ്റ ഭാഗത്തെ പ്ലേറ്റ്ലറ്റുകൾ അന്തരീക്ഷവായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ വിഘടിക്കുകയും നിരവധി രാസവസ്തുക്കൾ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് രക്തം കട്ടപിടിക്കാൻ കാരണമാവും.
രക്തഗ്രൂപ്പുകൾ
ശരീരത്തിൽനിന്ന് രക്തം വാർന്നുപോകുന്ന രോഗികൾക്ക് രക്തം മാറ്റിനൽകാനുള്ള ശ്രമം 17-ാം നൂറ്റാണ്ടു മുതൽ നടന്നിരുന്നു. ഈ പരീക്ഷണങ്ങൾ മിക്കതും പരാജയമായിരുന്നു. രക്തം നൽകിയതുകൊണ്ടു മാത്രം പലപ്പോഴും രോഗികൾ മരിച്ചുപോയി. ഇതിന്റെ കാരണമന്വേഷിച്ചുള്ള പഠനങ്ങളാണ് രക്തഗ്രൂപ്പുകൾ കണ്ടുപിടിക്കാൻ ഇടയാക്കിയത്. രക്തത്തിലെ അരുണരക്താണുക്കളുടെ ഉപരിതലത്തിൽ ആന്റിജനുകളും പ്ലാസ്മയിൽ ആന്റിബോഡികളും അടങ്ങിയിട്ടുണ്ട്. ഈ ആന്റിജനുകളുടെ സാന്നിധ്യമോ അസാന്നിധ്യമോ അടിസ്ഥാനമാക്കിയാണ് രക്തഗ്രൂപ്പുകൾ നിർണയിക്കുന്നത്.
◆ പ്രധാനമായും രണ്ടുതരം ആന്റിജൻ ആണ് ഉള്ളത്. ആന്റിജൻ A-യും
ആന്റിജൻ B-യും.
◆ രക്താണുക്കളിൽ ആന്റിജൻ A ഉണ്ടെങ്കിൽ ആ രക്തഗ്രൂപ്പ് A ആയിരിക്കും. ഇതിലെ പ്ലാസ്മയിൽ ആന്റിബോഡി B ഉണ്ട്.
◆ B ഗ്രൂപ്പ് രക്തത്തിൽ ആന്റിജൻ B-യും
ആന്റിബോഡി A-യും ഉണ്ട്.
◆ AB ഗ്രൂപ്പ് രക്തത്തിൽ ആന്റിജൻ A-യും
ആന്റിജൻ B-യും ഉണ്ട്. ആന്റിബോഡികൾ ഇല്ല.
◆ ഒരു ആന്റിജനും ഇല്ലാത്ത രക്തഗ്രൂപ്പാണ് O ഗ്രൂപ്പ്. ഇതിൽ ആന്റിബോഡി A-യും ആന്റിബോഡി B-യും ഉണ്ട്.
◆ AB ഗ്രൂപ്പ് രക്തമുള്ളവർക്ക് ഏതു ഗ്രൂപ്പിൽനിന്നും രക്തം സ്വീകരിക്കാം. അതിനാൽ AB ഗ്രൂപ്പിനെ സാർവിക സ്വീകർത്താവ് എന്നു വിളിക്കുന്നു.
◆ 0 ഗ്രൂപ്പുകാരുടെ രക്തം ആർക്കു വേണമെങ്കിലും സ്വീകരിക്കാം. എല്ലാ ഗ്രൂപ്പുകാർക്കും രക്തം ദാനം ചെയ്യാൻ കഴിവുള്ളതിനാൽ O ഗ്രൂപ്പിനെ സാർവിക ദാതാവ് എന്നു വിളിക്കുന്നു.
ബോംബെ ഗ്രൂപ്പ്
വളരെ അപൂർവമായ ബ്ലഡ് ഗ്രൂപ്പാണ് hh രക്തഗ്രൂപ്പ് അഥവാ ബോംബെ ഗ്രൂപ്പ്. 1952-ൽ ഡോ. വൈ.എം. ഭെൻഡെ (Dr. Y.M. Bhende) മുംബൈയിൽ ആണ് ഈ രക്തഗ്രൂപ്പ് കണ്ടെത്തിയത്.
hh രക്തഗ്രൂപ്പിൽ യാതൊരുവിധ
ആന്റിജനുകളും അടങ്ങിയിട്ടില്ല. അതിനാൽ ആ രക്തം ഏതു ഗ്രൂപ്പുകാർക്കു വേണമെങ്കിലും സ്വീകരിക്കാം. പക്ഷേ, hh ഗ്രൂപ്പുകാർക്ക് hh ഗ്രൂപ്പ് രക്തം മാത്രമേ സ്വീകരിക്കാൻ കഴിയൂ.
Rh ഘടകം
രക്തഗ്രൂപ്പുകൾക്കൊപ്പം +ve, -ve എന്നൊക്കെ ചേർക്കുന്നതു കാണാം. ചുവന്ന രക്താണുക്കളുടെ പ്രതലത്തിൽ കാണപ്പെടുന്ന മറ്റൊരു ആന്റിജനാണ് Rh
ഘടകം. Rh ഘടകം ഉള്ള രക്തത്തെ Rh+ എന്നും Rh ഘടകമില്ലാത്ത രക്തത്തെ Rh- എന്നും പറയുന്നു.
റീസസ് (Rhesus) കുരങ്ങിലാണ് ഈ ഘടകം ആദ്യമായി കണ്ടെത്തിയത്. അതുകൊണ്ട് Rh എന്ന പേര് ഈ ഘടകത്തിന് നൽകി. 1940-ൽ കാൾ ലാൻഡ് സ്റ്റെയ്നറും അലക്സാണ്ടർ എസ്. വീനറും ചേർന്നാണ് Rh
ഘടകം കണ്ടെത്തിയത്.
രക്തദാനം
രക്തസ്രാവം മുതൽ അപകടാവസ്ഥയി
ലായ ആളെ രക്ഷപ്പെടുത്താനുള്ള ഏക
മാർഗം രക്തദാനമാണ്. ശരീരത്തിൽ തുടർച്ചയായി പുനർനിർമിക്കപ്പെട്ടുകൊണ്ടി
രിക്കുന്ന കലയാണ് രക്തം. ഇത് ദാനം ചെയ്യുന്നതുമൂലം യാതൊരു അപകടവും വരില്ല.
◆ ഒരുസമയത്ത് 300 എം.എൽ. രക്തമാണ് ദാതാവിൽനിന്നും സ്വീകരിക്കുക.
◆ രക്തബാങ്കുകളിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്ന പദാർഥങ്ങളാണ് ACD (Acid Citrate Dextrose), CPD (Citrate Phosphate Dextrose), CPDA-1 മുതലായവ.
◆ ലോക രക്തദാനദിനം: ജൂൺ 14-നാണ്. ഇത് ലാൻഡ് കാൾ സ്റ്റെയ്നറുടെ ജന്മദിനമാണ്.
◆ ഇന്ത്യയില റെഡ്ക്രോസ് സൊസൈറ്റി ഒക്ടോബർ 1 ദേശീയ രക്തദാനദിനമായി ആചരിക്കുന്നു.
രക്തം കട്ടപിടിക്കൽ
രക്തത്തിലെ പ്ലാസ്മയിൽ ഫൈബ്രിനോജൻ ഉണ്ട്. ഇത് ലേയമായ രൂപത്തിലാണ്. ഇത് ചില പ്രത്യേക സാഹചര്യങ്ങളിൽ അലേയമായ ഫൈബ്രിൻ ആയി മാറും. ഇത് നൂലുപോലെയാവുകയും ഈ വലയ്ക്കുള്ളിൽ മറ്റു കോശങ്ങൾ കുടുങ്ങുകയും ചെയ്യുമ്പോഴാണ് രക്തക്കട്ട രൂപംകൊള്ളുന്നത്. രക്തത്തിന്റെ കട്ടപിടിക്കൽ പ്രക്രിയയിൽ 13 ഘടകങ്ങൾ പങ്കെടുക്കുന്നുണ്ട്.
◆ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന
വിറ്റാമിനാണ് വിറ്റാമിൻ കെ.
രക്തവുമായി ബന്ധപ്പെട്ട
രോഗങ്ങൾ
ഹീമോഫീലിയ
◆ യൂറോപ്പിലെ ചില രാജവംശങ്ങളിൽ പരമ്പരാഗതമായി കണ്ടുവന്നതിനാൽ ഇതിനെ റോയൽ ഡിസീസ് എന്ന് വിളിച്ചു.
◆ പരമ്പരാഗതമായി വരുന്നതും രക്തം കട്ടപിടിക്കാത്തതുമായ അവസ്ഥയാണിത്.
◆ സ്ത്രീകൾ ഹീമോഫീലിയയുടെ പാരമ്പര്യ ഘടകങ്ങൾ വഹിക്കുന്നു. പക്ഷേ, അവരിൽ രോഗം പ്രത്യക്ഷമാവില്ല. ആൺകുട്ടികളിലാണ് രോഗം പ്രകടമാവുക.
◆ ഹീമോഫീലിയ-എ, ഹീമോഫീലിയ-ബി, ഹീമോഫീലിയ-സി എന്നിങ്ങനെ
വ്യത്യസ്ത രീതികളിൽ ഹീമോഫീലിയ
രോഗം ഉണ്ട്. രക്തം കട്ടപിടിക്കാൻ സഹായകമായ ഘടകങ്ങളുടെ അഭാവമാണ് ഈ വേർതിരിവിന് അടിസ്ഥാനം.
◆ ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നത് ഹീമോഫീലിയ-ബി ആണ്.
ലോക ഹീമോഫീലിയ ദിനം ഏപ്രിൽ 17 ആണ്.
സിക്കിൾ സെൽ അനീമിയ
സിക്കിൾ സെൽ അനീമിയ ഒരു ജനിതക വൈകല്യമാണ്. അരുണരക്താണുക്കളിലെ ഹീമോഗ്ലോബിൻ തന്മാത്രകളിൽ ഘടനാപരമായ വൈകല്യം ഉണ്ടാവുകയും അവ അരിവാളുപോലെ വളയുകയും ചെയ്യുന്നു. ഇത് ഓക്സിജൻ സംവഹനത്തെ ബാധിക്കുന്നു. ഇതുമൂലം വിളർച്ചയുണ്ടാവുകയും കായികാധ്വാനശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു.
◆ സിക്കിൾ സെൽ അനീമിയാ രോഗികളെ മലമ്പനി ബാധിക്കാറില്ല.
അനീമിയ (വിളർച്ച)
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതാണ് വിളർച്ച. ആഹാരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നതാണ് ഇതിന് പ്രധാന കാരണം. വിറ്റാമിൻ B12, E, ഫോളിക് ആസിഡ് എന്നിവയുടെ അഭാവവും ഇതിന് കാരണമാവും.
ലുക്കീമിയ (Leukemia)
ശ്വേതരക്താണുക്കളുടെ അനിയന്ത്രിതമായ വർധനയാണ് ലുക്കീമിയ. ഈ അവസ്ഥയിൽ
ശ്വേതരക്താണുക്കളുടെ എണ്ണം 20,000 മുതൽ ഒരുലക്ഷം വരെ ആകും.
താലസീമിയ
ഹീമോഗ്ലോബിനുമായി ബന്ധപ്പെട്ട ഒരു ജനിതക വൈകല്യമാണ് താലസീമിയ.
പോളിസെത്തമിയ
അരുണരക്താണുക്കളുടെ എണ്ണം അനിയന്ത്രിതമായി കൂടുന്ന അവസ്ഥ.
___________________________________________
കാൾ ലാൻഡ് സ്റ്റെയ്നർ (1868-1943)
എ, ബി, ഒ രക്തഗ്രൂപ്പുകൾ കണ്ടെത്തിയത് കാൾ ലാൻഡ് സ്റ്റെയ്നർ ആണ്. പോളിയോ വൈറസിനെ ആദ്യം കണ്ടെത്തിയതും ഇദ്ദേഹംതന്നെ. രോഗ ചികിത്സാ ചരിത്രത്തിൽ മറക്കാനാവാത്ത ഈ ശാസ്ത്രജ്ഞൻ 1868 ജൂൺ 14-ന് ഓസ്ട്രിയയിലെ വിയന്നയിൽ ജനിച്ചു.
◆ 1891-ൽ വിയന്ന സർവകലാശാലയിൽ നിന്ന്
◆ 1908-ൽ പോളിയോ വൈറസിനെ കണ്ടെത്തി. വൈദ്യശാസ്ത്ര ബിരുദം നേടി.
◆ 1901-ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ അരുണ രക്താണുക്കളുടെ ഉപരിതല ആന്റിജനെ അടിസ്ഥാനമാക്കി രക്തത്തെ ഗ്രൂപ്പാക്കി തിരിക്കാം എന്ന ആശയം മുന്നോട്ടുവെച്ചു.
◆ 1930-ൽ ഈ കണ്ടുപിടുത്തത്തിന് അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചു.
◆ 1943-ൽ അന്തരിച്ചു.
അഗ്ലൂട്ടിനേഷൻ (Agglutination)
യോജിക്കാത്ത രക്തങ്ങൾ തമ്മിൽ ചേരുമ്പോൾ സ്വീകരിക്കുന്ന ആളിന്റെ പ്ലാസ്മയിലെ ആന്റിബോഡി ദാതാവിന്റെ രക്തത്തിലെ ചുവന്ന രക്താണുക്കളെ കട്ടപിടിപ്പിക്കുന്നു. ഇതിനെ അഗ്ലൂട്ടിനേഷൻ എന്ന് പറയുന്നു.
എരിത്രോ ബ്ലാസ്റ്റോസിസ് ഫീറ്റാലിസ്
Rh-പോസിറ്റീവ് രക്തമുള്ള പിതാവിനും Rh നെഗറ്റീവ് രക്തമുള്ള മാതാവിനും കൂടി ജനിക്കുന്ന കുട്ടി Rh പോസിറ്റീവ് രക്തമുള്ളതായാൽ പ്രസവസമയത്ത് കുഞ്ഞിന്റെ രക്തം അമ്മയുടെ രക്തവുമായി കലരുകയും അമ്മയുടെ രക്തത്തിൽ Rh ഘടകത്തിനെതിരായ ആൻറിബോഡി രൂപം കൊള്ളുകയും നിലനിൽക്കുകയും ചെയ്യും. അടുത്ത കുഞ്ഞിലേക്ക് ഈ ആന്റിബോഡി വ്യാപിക്കാൻ ഇടവരും. ഇത് കുഞ്ഞിന്റെ ചുവന്ന രക്താണുക്കൾ നശിക്കാനും മഞ്ഞപ്പിത്തത്തോടുകൂടി ജനിക്കാനും ഇടവരുത്തും. ഇതിനെ എരിത്രോ ബ്ലാസ്റ്റോസിസ് ഫീറ്റാലിസ് എന്ന് പറയുന്നു.
Post a Comment